ലെബനോനിലേക്കുള്ള ചികിത്സാസാമഗ്രികൾ - ഫയൽ ചിത്രം ലെബനോനിലേക്കുള്ള ചികിത്സാസാമഗ്രികൾ - ഫയൽ ചിത്രം  (AFP or licensors)

ലെബനോനിൽ ഇരുപത് ലക്ഷത്തോളം ആളുകൾക്ക് ചികിത്സാസാമഗ്രികളെത്തിച്ച് യൂണിസെഫ്

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രണ്ടായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ട ലെബനോനിൽ ഇരുപതുലക്ഷത്തോളം ആളുകൾക്കുവേണ്ട മരുന്നുകളും ചികിത്സാസാമഗ്രികളും എത്തിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് ശിശുക്ഷേമനിധി ഇതേക്കുറിച്ച് അറിയിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സായുധസംഘർഷങ്ങൾ ഏറിവരുന്ന ലെബനോനിൽ ഇരുപത് ലക്ഷത്തോളം ആളുകൾക്കുള്ള മരുന്നുകളെത്തിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. കഴിഞ്ഞ ഒരു വർഷത്തിൽ മാത്രം രാജ്യത്ത് രണ്ടായിരത്തിയെൺപത്തിമൂന്ന് പേർ കൊല്ലപ്പെട്ടിരുതായാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് യൂണിസെഫ് അറിയിച്ചു. ഇവരിൽ 127 പേർ കുട്ടികളാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളിലാണ് കൂടുതൽ ആളുകൾ രാജ്യത്ത് കൊല്ലപ്പെട്ടത്.

മരുന്നുകളുൾപ്പെടെ ഏതാണ്ട് 167 ടൺ ചികിത്സാസാമഗ്രികളാണ് യൂണിസെഫ് രാജ്യത്തെത്തിച്ചത്.. കുട്ടികളുടെയും സ്ത്രീകളുടെയും ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന രീതിയിലേക്ക് രാജ്യത്തെ പ്രതിസന്ധി വളർന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഐക്യരാഷ്ട്രസഭാസംഘടന ഈയൊരു സഹായമെത്തിക്കാൻ തീരുമാനമെടുത്തത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായാണ് ഈ സഹായം ശിശുക്ഷേമനിധി ലെബനോനിലെത്തിച്ചത്.

കഴിഞ്ഞ സെപ്റ്റംബർ 23-ന് ലെബനോനിലുണ്ടായ ആക്രമങ്ങളെത്തുടർന്നാണ് രാജ്യത്തേക്ക് കൂടുതൽ മാനവികസഹായമെത്തിക്കാൻ യൂണിസെഫ് തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ചകളിൽ എത്തിച്ച നൂറ് ടൺ ചികിത്സാസാമഗ്രികൾക്ക് പുറമെയാണ് ഒക്ടോബർ ആറാം തീയതി നേരിട്ടും, സിറിയ വഴിയും ശിശുക്ഷേമനിധി ലെബനോനിലേക്ക് കൂടുതൽ സഹായമെത്തിച്ചത്.

ലെബനോനിലെ ആശുപത്രികൾ, വർദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ ഇരകൾക്ക് ചികിത്സ നൽകാൻ ബുദ്ധിമുട്ടുകയാണെന്ന് രാജ്യത്തേക്കുള്ള യൂണിസെഫ് പ്രതിനിധി എഡ്‌വേഡ്‌ ബീഗ്ബെഡർ പ്രസ്താവിച്ചു. രാജ്യത്തെ ആശുപത്രികളിൽ കൂടുതൽ ജീവൻരക്ഷാസൗകര്യങ്ങൾ ആവശ്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മരുന്നുകൾക്ക് പുറമെ കഴിഞ്ഞ സെപ്റ്റംബർ 23-ന് യൂണിസെഫ് 135 ടൺ വസ്തുക്കൾ രാജ്യത്ത് സംഘർഷങ്ങൾ മൂലം സ്വഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായ അറുപതിനായിരത്തോളം വരുന്ന ആളുകൾക്കായി എത്തിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 October 2024, 17:06