സങ്കീർത്തനചിന്തകൾ - 95 സങ്കീർത്തനചിന്തകൾ - 95 

വരുവിൻ, നമുക്ക് കർത്താവിനെ ആരാധിക്കാം!

വചനവീഥി: തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ശബ്ദരേഖ - തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സൃഷ്ടികളുടെയെല്ലാം രാജാവും, അജഗണത്തിന്റെ ഇടയനുമായ ദൈവത്തെ ആരാധിക്കാനും സ്തുതിക്കാനും ജനതകളെ ആഹ്വാനം ചെയ്യുന്ന ഒരു ഗീതമാണ് തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനം. ദൈവത്തിന്റെ അധികാരം, രാജത്വം, ഭരണം തുടങ്ങിയ ആശയങ്ങൾ പരാമർശിക്കുന്ന, തൊണ്ണൂറ്റിമൂന്ന് മുതലുള്ള എട്ടു സങ്കീർത്തനങ്ങളുടെ ഒരു നിരയിൽ മൂന്നാമത്തേതാണ് ഈ കീർത്തനം. ദൈവത്തിന് മുന്നിൽ കഠിനഹൃദയരാകരുതെന്ന ശക്തമായ മുന്നറിയിപ്പും ഈ സങ്കീർത്തനത്തിൽ നമുക്ക് കാണാം. വാഗ്ദത്തനാട്ടിലേക്കുള്ള യാത്രയിൽ തങ്ങളുടെ പൂർവ്വപിതാക്കന്മാർ കാട്ടിയതിലും അധികമായ വിശ്വസ്തതയാണ് ദൈവജനത്തിൽനിന്ന് ദൈവം ആഗ്രഹിക്കുന്നത്. സൃഷ്ടികർമ്മങ്ങളും രക്ഷാകരപ്രവർത്തനങ്ങളും തമ്മിലുള്ള ബന്ധം പ്രകടമാക്കുന്ന രണ്ടാം ഏശയ്യായുടെ ശൈലി ഇവിടെ വ്യക്തമായതിനാൽ, ഈ കീർത്തനം പ്രവാസനന്തരകാലത്ത്, ആരാധനസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാകാമെന്ന് കരുതപ്പെടുന്നു.

രാജാവും സ്രഷ്ടാവുമായ ദൈവത്തെ സ്തുതിക്കുക

പതിനൊന്ന് വാക്യങ്ങളുള്ള തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനത്തിന്റെ, ഒന്ന് മുതൽ ഏഴുവരെയുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന ആദ്യ പകുതിയിൽ, എപ്രകാരം, എന്തുകൊണ്ട് ദൈവത്തെ സ്തുതിക്കണമെന്ന ഒരു ഉദ്ബോധനമാണ് സങ്കീർത്തകൻ നൽകുന്നത്. ഇതിൽ ആദ്യ രണ്ടു വാക്യങ്ങളിൽ ഗാനാലാപനത്തോടെ ദൈവത്തെ പുകഴ്ത്തുവാനുള്ള ക്ഷണമാണ് നാം കാണുക കർത്താവിന് സ്തോത്രമാലപിക്കാനും, രക്ഷാശിലയായ ദൈവത്തെ പാടിപ്പുകഴ്ത്താനും, കൃതജ്ഞതാസ്തോത്രത്തോടെ അവന്റെ സന്നിധിയിലെത്തി ആനന്ദപൂർവ്വം സ്തുതിഗീതങ്ങളാലപിക്കാനും സങ്കീർത്തകൻ ആഹ്വാനം ചെയ്യുന്നു (സങ്കീ. 95, 1-2). ഈ രണ്ടു വാക്യങ്ങളിൽത്തന്നെ ഒരുമിച്ച് ഗാനരൂപത്തിലുള്ള സ്തുതിയർപ്പണത്തിനായി മൂന്ന് വട്ടമാണ് സങ്കീർത്തകൻ  ജനത്തെ ക്ഷണിക്കുന്നത്. മനുഷ്യനിൽ കൂടുതൽ വൈകാരികതയുണർത്തുന്ന സംഗീതരൂപത്തിൽ, സന്തോഷപൂർവ്വം, നന്ദിയോടെ ദൈവത്തിന് സ്തോത്രഗീതം ആലപിക്കാനാണ് സങ്കീർത്തകന്റെ ക്ഷണം. കർത്താവിന്റെ സന്നിധിയിൽ, അവിടുത്തെ അലയത്തിലുള്ള ഈ ആലാപനം, ദൈവത്തിനുള്ള സ്തുതിയും, അവിടെ സന്നിഹിതരായിട്ടുള്ള മറ്റു വിശ്വാസികളുടെ കാതുകളിൽ ദൈവവിശ്വാസത്തെക്കുറിച്ചുള്ള സാക്ഷ്യവുമായി മാറുന്നുണ്ട് എന്നും നമുക്ക് മനസ്സിലാക്കാം. തന്നെ സൃഷ്‌ടിച്ച ദൈവത്തെ ഉപേക്ഷിക്കുകയും, തന്റെ രക്ഷയുടെ പാറയെ പുശ്ചിച്ചുതള്ളുകയും ചെയ്‌ത ഇസ്രായേൽ ജനത്തെക്കുറിച്ച് മോശ അപലപിക്കുന്നത് നിയമവാർത്തനപുസ്തകത്തിന്റെ മുപ്പത്തിരണ്ടാം അദ്ധ്യായത്തിൽ നാം കാണുന്നുണ്ട് (നിയമ: 32, 15). ഈയൊരു പശ്ചാത്തലത്തിൽ വേണം, നമ്മുടെ അഭയശിലയായ കർത്താവിനെ സ്തുതിക്കാനുള്ള സങ്കീർത്തകന്റെ ആഹ്വാനത്തെ നാം വായിക്കേണ്ടത്.

ജനം മുഴുവനും ഒന്നുചേർന്ന് എന്തുകൊണ്ട് ദൈവത്തെ ആരാധിക്കണം എന്നതിനുള്ള കാരണങ്ങളാണ് മൂന്ന് മുതൽ അഞ്ചുവരെയുള്ള വാക്യങ്ങളിൽ നാം കാണുക. ഉന്നതനായ ദൈവവും, ദേവന്മാരുടെ അധിപനായ രാജാവും, ഭൂമിയുടെ അഗാധതലങ്ങളെ നിയന്ത്രിക്കുന്നവനും, പർവ്വതങ്ങളെയും, സമുദ്രങ്ങളെയും, കരയെയും സൃഷ്ടിച്ചവനുമാണ് നമ്മുടെ കർത്താവ് (സങ്കീ. 95, 3-5). ദൈവമഹത്വത്തിന്റെയും അവന്റെ ശക്തിയുടെയും ഔന്ന്യത്യം തിരിച്ചറിയുന്നത്, കൂടുതൽ ശരണത്തോടെയും ആശ്രയബോധത്തോടെയും അവനോട് ചേർന്നുനിൽക്കാൻ നമ്മെ സഹായിക്കും. മനുഷ്യന്റെ ബുദ്ധിക്കും ശക്തിക്കും അതീതമായ പ്രകൃതിയെപ്പോലും സൃഷ്ടിക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്യുന്ന, ഉന്നതനായ ദൈവവും, ദേവന്മാരുടെ അധിപനുമായ രാജാവുമാണ് ഇസ്രയേലിന്റെ ദൈവമെങ്കിൽ, ആ ദൈവത്തെ ആരാധിക്കാതിരിക്കാൻ മനുഷ്യർക്ക് എങ്ങനെയാണ് സാധിക്കുക എന്ന ഒരു ചോദ്യം ഈ വാക്യങ്ങൾ നമുക്ക് മുന്നിൽ ഉയർത്തുന്നുണ്ട്.

എന്തുകൊണ്ട്, എപ്രകാരം ദൈവത്തെ ആരാധിക്കണമെന്ന കാര്യങ്ങൾ വിശദീകരിച്ച ശേഷം, സങ്കീർത്തകൻ വിശ്വാസികളെ ഏവരെയും ദൈവാരാധനയ്ക്ക് ക്ഷണിക്കുന്നതാണ്, ആറും ഏഴും വാക്യങ്ങളിൽ നാം കാണുക. അവൻ നമ്മുടെ ദൈവവും, നാം അവിടുത്തെ ജനവും അജഗണവുമായതിനാൽ, കർത്താവിന് മുന്നിൽ കുമ്പിടാനും, മുട്ടുകുത്താനും ആഹ്വാനം ചെയ്യുന്ന സങ്കീർത്തകൻ, നാമേവരും അവന്റെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ എന്ന് ആഹ്വാനം ചെയ്യുന്നു (സങ്കീ. 95, 6-7). പ്രപഞ്ചസ്രഷ്ടാവും പരിപാലകനുമാണ് ദൈവമെന്ന് നമ്മെ ഉദ്‌ബോധിപ്പിച്ച സങ്കീർത്തകൻ, ആ ദൈവത്തിന്റെ ജനമെന്നും, അവൻ പാലിക്കുന്ന അജഗണമെന്നുമുള്ള തിരിച്ചറിവിൽ, വിനയാന്വിതരായി ദൈവത്തിന് മുന്നിൽ കുമ്പിട്ടാരാധിക്കാനും, മുട്ടുകൾ മടക്കാനും ഏവരെയും ക്ഷണിക്കുന്നു. ആരാധനയിലും, സ്തുതിഗീതാലാപനങ്ങളിലും, പ്രാർത്ഥനയിലും, നാം ദൈവത്തിന്റെ നാമത്തെ ഉയർത്തിക്കാട്ടുക മാത്രമല്ല, നമ്മുടെ സംരക്ഷകനും അഭയശിലയുമായി അവനെ ഏറ്റുപറയുകയും, അവന്റെ സംരക്ഷണത്തിനായി നമ്മെത്തന്നെ വിട്ടുകൊടുക്കുകയുംകൂടിയാണ് ചെയ്യുന്നത്.

പിതാക്കന്മാരുടെ തെറ്റുകൾ അവർത്തിക്കപ്പെടരുത്

വാഗ്ദത്തനാട്ടിലേക്കുള്ള യാത്രയിൽ തങ്ങളുടെ പൂർവ്വപിതാക്കന്മാർ ചെയ്ത തെറ്റുകൾ ആവർത്തിക്കരുതെന്നും, അവരെക്കാൾ വലിയ വിശ്വസ്തതയോടെ ദൈവത്തിന് മുൻപിൽ നിലനിൽക്കണമെന്നും ജനതകൾക്കുള്ള ആഹ്വാനമാണ് തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനത്തിന്റെ എട്ട് മുതലുള്ള വാക്യങ്ങളിൽ നാം കാണുക. പ്രവാസന്തരകാലത്താണ് ഈ സങ്കീർത്തനം എഴുതപ്പെട്ടതെന്ന് വ്യക്തമാക്കുന്ന വാക്യങ്ങളാണിവ. ശക്തമായ ഇടപെടലോടെ. ഈജിപ്തിലെ ഫറവോയുടെ കരങ്ങളിൽനിന്ന് തങ്ങളെ മോചിപ്പിച്ച, കടൽ കടത്തിയ, മരുഭൂമിയിലൂടെയുള്ള യാത്രയിൽ തുണയായി നിന്ന ദൈവത്തോട്‌ ഇസ്രായേൽ ജനം മറുതലിച്ചതിനെയാണ് സങ്കീർത്തകൻ ഇവിടെ ഓർമ്മിപ്പിക്കുക. പുറപ്പാട് പുസ്തകത്തിന്റെ പതിനേഴാം അദ്ധ്യായത്തിൽ ഈ സംഭവം നാം കാണുന്നുണ്ട്. കർത്താവിന്റെ നന്മയെയും, ശക്തിയെയും, സംരക്ഷണത്തെയും സംശയിക്കുകയും, അവനോട് മറുതലിക്കുകയും ചെയ്‌ത ജനത്തിന് പാറയിൽനിന്ന് ജലം നൽകുന്ന സംഭവം നടന്ന ഇടമാണ് മാസായും മെരീബായും. ഇസ്രായേൽക്കാർ കർത്താവിനോട് കലഹിച്ചതിനാലും, കർത്താവ് തങ്ങളുടെ ഇടയിൽ ഉണ്ടോ എന്ന സംശയത്തോടെ കർത്താവിനെ പരീക്ഷിച്ചതിനാലും, മോശയാണ് ആ സ്ഥലത്തിന് മാസാ എന്നും മെരീബ എന്നും പേരിടുന്നത് (പുറപ്പാട് 17, 7). നാൽപത് സംവത്സരങ്ങൾ ദൈവത്തിന്റെ നീരസം ഇസ്രായേൽജനത്തിന് നേരെ ഉണ്ടായതും, അവർ തന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ലെന്ന് ദൈവം ശപഥം ചെയ്‌തതും, ഇസ്രായേൽജനതയുടെ ഹൃദയകാഠിന്യവും, ദൈവത്തിനുനേരെയുള്ള കലഹത്തിന്റെയും പരീക്ഷണത്തിന്റെയും മനോഭാവം മൂലമാണ് (സങ്കീ. 95, 8-13). ഈ സംഭവത്തെക്കുറിച്ച് സംഖ്യയുടെ പുസ്തകം ഇരുപതാം അദ്ധ്യായത്തിൽ വിവരിക്കുന്നിടത്ത്, "ദൈവത്തിന്റെ വിശുദ്ധി വെളിപ്പെടുത്തത്തക്കവിധം ദൃഢമായി ദൈവത്തിൽ വിശ്വസിക്കാതിരുന്നതുകൊണ്ട്, ഇസ്രായേൽ ജനത്തെ വാഗ്ദത്ത നാട്ടിൽ എത്തിക്കുന്നത് നിങ്ങളായിരിക്കില്ലെന്ന് മോശയോടും അഹറോനോടും പറയുന്ന ദൈവത്തെ നാം കാണുന്നുണ്ട് (സംഖ്യ 20, 12). രക്ഷ നൽകിയ, അഭയമേകി കൂടെ നടന്ന ദൈവത്തിന് മുന്നിൽ സംശയത്തിന്റെ മുനയുയർത്തിയ ഇസ്രായേൽ ജനതയുടെ, പൂർവ്വപിതാക്കന്മാരുടെ, ഹൃദയകാഠിന്യം ഇനിയും അവർത്തിക്കപ്പെടരുതെന്ന്, ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളിൽ സംശയം വയ്ക്കരുതെന്ന്, സങ്കീർത്തകൻ ഉദ്ബോധിപ്പിക്കുന്നു. കൂടെ നടന്ന ദൈവത്തോടുള്ള സ്നേഹത്തിലും ഒരുമയിലും ആഴപ്പെടുകയും വളരുകയും ചെയ്യാനുള്ള മരുഭൂമിയിലെ നാൽപത് സംവത്സരങ്ങൾ, ദൈവകോപത്തിന്റെ വർഷങ്ങളാക്കി മാറ്റിയത്, ജനത്തിന്റെ അവിശ്വാസവും, ദൈവത്തെ മറന്ന താൻപോരിമയുടെ മനോഭാവവുമാണ്. ദൈവത്തെക്കുറിച്ചുള്ള അറിവുകൊണ്ട് മാത്രം ഒരുവൻ രക്ഷ നേടുന്നില്ല, മറിച്ച്, അവനിലുള്ള ആഴമേറിയ വിശ്വാസത്തോടെ, അവന്റെ ഹിതമനുസരിച്ച്, അവനോട് ചേർന്ന് ജീവിക്കുമ്പോഴാണ് ഒരുവൻ, ദൈവത്തിന്റെ വാഗ്ദത്തനാട്ടിൽ പ്രവേശിക്കുക.

സങ്കീർത്തനം ജീവിതത്തിൽ

വിശ്വാസജീവിതത്തിൽ പഴയകാലത്തിന്റെ തെറ്റുകൾ അവർത്തിക്കപ്പെടരുതെന്ന പ്രധാനപ്പെട്ട ഒരു ചിന്തയാണ് തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനം നമുക്ക് മുന്നിൽ വയ്ക്കുന്നത്. അറിഞ്ഞതും ജീവിച്ചതുമായ അനുഭവങ്ങൾ പാഠങ്ങളാകുന്നിടത്ത്, മെച്ചപ്പെട്ട വിശ്വാസജീവിതത്തിലേക്ക്, ദൈവപ്രീതിയിലേക്ക് വളരാനുള്ള മാർഗ്ഗമാണ് തെളിയുന്നത്. മരുഭൂമിയുടെ നാൽപത് സംവത്സരങ്ങൾ, അവിശ്വാസത്തിന്റെയും അജ്ഞതയുടെയും, ദുരാഗ്രഹങ്ങളുടെയും, തിന്മയുടേതായ ദാഹത്തിന്റെയും മാസായും മെരീബായും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാതിരിക്കട്ടെ. ദൈവമാരെന്ന തിരിച്ചറിവ്, അവനിലുള്ള വിശ്വാസത്തിലും, ശരണത്തിലും, അവനോടുള്ള സ്നേഹത്തിലും ആരാധനയിലും ആഴപ്പെടാൻ നമ്മെ സഹായിക്കട്ടെ. ആധ്യാത്മികതയുടെ വളർച്ചയേറും തോറും ദൈവവുമായുള്ള സ്നേഹബന്ധത്തിൽ വളർന്ന മനുഷ്യരുടെ ഹൃദയങ്ങൾ കൂടുതൽ നിർമ്മലമാകുന്നതും, വേദനകളുടെയും ദുരിതങ്ങളുടെയും നടുവിൽപ്പോലും അവർ ദൈവത്തിൽ ആശ്വാസവും ആനന്ദവും കണ്ടെത്തുന്നതും, നമുക്ക് മുന്നേ കടന്നുപോയ അനേകം വിശുദ്ധരുടെ ജീവിതങ്ങൾ കാണിച്ചുതരുന്നുണ്ട്. നമുക്കും മരുഭൂമിയുടെ അനുഭവങ്ങളെ രക്ഷയുടെയും ദൈവസ്നേഹത്തിന്റെയും അനുഭവങ്ങളാക്കി മാറ്റാം. സ്രഷ്ടാവും പരിപാലകനും കരുണാമയനുമായ ദൈവത്തിൽ ശരണപ്പെട്ട്, അവനുമുന്നിൽ കുമ്പിട്ടുവണങ്ങി, നിരന്തരം അവന്റെ സ്തുതിഗീതങ്ങളുയർത്തി നമ്മുടെ ജീവിതത്തെയും അനുഗ്രഹീതവും ലോകത്തിനു മുന്നിൽ സാക്ഷ്യവുമാക്കി മാറ്റാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 November 2024, 16:36