അഫ്‌ഗാനിസ്ഥാനിൽനിന്നുള്ള ഒരു ചിത്രം അഫ്‌ഗാനിസ്ഥാനിൽനിന്നുള്ള ഒരു ചിത്രം  (ANSA)

അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കുവേണ്ടി സ്വരമുയർത്തി യൂണിസെഫ്

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും പെൺകുട്ടികളും രാജ്യത്തിൻറെ മുഖ്യധാരയിൽനിന്ന് പിന്തള്ളപ്പെട്ടെന്നും, അവരുടെ സ്വപ്‌നങ്ങൾ ഇല്ലാതാകുകയാണെന്നും യൂണിസെഫ്. ഉന്നതവിദ്യാഭ്യാസം നിരോധിക്കപ്പെട്ട അവർ പ്രായമെത്തും മുൻപേ വിവാഹത്തിന് നിർബന്ധിതരാകുന്നുവെന്നും ശിശുക്ഷേമനിധി. രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി പതിനഞ്ച് ലക്ഷത്തോളം പെൺകുട്ടികൾക്കാണ് ഉന്നതവിദ്യാഭ്യാസസാധ്യതകൾ നിരോധിക്കപ്പെട്ടത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി സ്വരമുയർത്താൻ നാം തയ്യാറാകണമെന്ന് യൂണിസെഫ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തെ സ്ത്രീകളുടെ സ്വപ്‌നങ്ങൾ നിരോധിക്കപ്പെട്ടിരിക്കുന്നുവെന്നും, അവർ നിശ്ശബ്ദരാക്കപ്പെട്ടിരിക്കുന്നുവെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് എഴുതി. ഒക്ടോബർ 31 വ്യാഴാഴ്ച, സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശത്തിലാണ് അഫ്‌ഗാനിസ്ഥാനിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്ക് യൂണിസെഫ് ശ്രദ്ധ ക്ഷണിച്ചത്.

മൂന്ന് വർഷത്തിലധികമായി അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് സെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസം നിരോധിക്കപ്പെട്ടതിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, സ്‌കൂളുകളിൽനിന്ന് അകറ്റപ്പെട്ട ഈ പെൺകുട്ടികൾ തങ്ങളുടെ വീടുകളിൽ അടയ്ക്കപ്പെട്ടിരിക്കുകയാണെന്നും, അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും യൂണിസെഫ് അപലപിച്ചു. പല പെൺകുട്ടികളും പ്രായപൂർത്തിയെത്തുന്നതിന് മുൻപേ വിവാഹത്തിന് നിർബന്ധിതരാകുകയാണെന്നും ഐക്യരാഷ്ട്രസഭാസംഘടന കുറ്റപ്പെടുത്തി.

ജനസംഖ്യയിലെ പകുതി ആളുകളെ പൊതുസമൂഹത്തിൽനിന്ന് മാറ്റി ഒരു രാജ്യത്തിനും മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് യൂണിസെഫ് ഓർമ്മിപ്പിച്ചു. യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സലാണ്, അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും പെൺകുട്ടികളും കടന്നുപോകാൻ നിർബന്ധിതരാകുന്ന ദുഃസ്ഥിതിയെക്കുറിച്ച് എക്‌സിൽ എഴുതിയത്.

താലിബാൻ അധികാരം പിടിച്ചെടുത്തതിനെത്തുടർന്നുണ്ടായ നിരവധി മാറ്റങ്ങളിൽ ഒന്നായിരുന്നു പെൺകുട്ടികൾക്ക് സെക്കണ്ടറി സ്‌കൂൾ വിദ്യാഭ്യാസം നിരോധിക്കപ്പെട്ടത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഏതാണ്ട് പതിനഞ്ച് ലക്ഷത്തോളം പെൺകുട്ടികൾക്കാണ് ഉഉന്നതവിദ്യാഭ്യാസസാധ്യതകൾ നിരോധിക്കപ്പെട്ടതെന്ന് സെപ്റ്റംബർ മാസത്തിൽ ശിശുക്ഷേമനിധി വ്യക്തമാക്കിയിരുന്നു. വിദ്യാസമ്പന്നരായ പെൺകുട്ടികളിലൂടെ രാജ്യത്തിന് ലഭ്യമാകുമായിരുന്ന നന്മകൾ നിഷേധിക്കപ്പെടുന്നതിനുള്ള സാധ്യതയാണ് ഇത് സൃഷ്ടിക്കുന്നതെന്നും യൂണിസെഫ് മുന്നറിയിപ്പ് നൽകിയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 November 2024, 17:34