ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്തോണിയൊ ഗുട്ടേരെസ് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്തോണിയൊ ഗുട്ടേരെസ്  (ANSA)

മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെടുന്നു,അസമത്വം വ്യാപകമാകുന്നു!

ഡിസംബർ 10 മനുഷ്യാവകാശ ദിനം - ഈ ദിനാചരണത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ മേധാവി അന്തോണിയൊ ഗുട്ടേരേസ് ഒരു സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മനുഷ്യാവകാശങ്ങൾ ആഗോളതലത്തിൽ ലംഘിക്കപ്പെടുകയും അസമത്വങ്ങൾ വ്യാപകമാകുകയും ചെയ്യുന്ന ഒരു സ്ഥിതിതിയാണ് ഇന്നുള്ളതെന്ന് ഐക്യരാഷ്ട്രസഭയുടെ മേധാവി അന്തോണിയൊ ഗുട്ടേരെസ് (António Guterres).

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ അനുവർഷം ഡിസംബർ 10-ന് ആചരിക്കപ്പെടുന്ന ആഗോള മനുഷ്യാവകാശദിനത്തോടനുബന്ധിച്ചു നല്കിയ സന്ദേശത്തിലാണ് അദ്ദേഹം ഈ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ളത്.

മനുഷ്യാവകാശ ദിനാചരണവേളയിൽ നാം നേരിടുന്നത് പരുഷമായ ഒരു സത്യമാണെന്നും മനുഷ്യാവകാശങ്ങൾ ആക്രമിക്കപ്പെടുകയാണെന്നും ദശലക്ഷക്കണക്കിന് ആളുകൾ ദാരിദ്ര്യം, പട്ടിണി, കോവിദ് മഹാമാരിയ്ക്കു ശേഷം പൂർണ്ണമായും കരകയറിയിട്ടില്ലാത്ത മോശമായ ആരോഗ്യ പരിപാലനസംവിധാനങ്ങൾ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ എന്നിവയിൽ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ആഗോളതലത്തിൽ അസമത്വങ്ങൾ വ്യാപകമാകുകയും സംഘർഷങ്ങൾ രൂക്ഷമാകുകയും അന്താരാഷ്ട്ര നിയമങ്ങളെ ബോധപൂർവ്വം അവഗണിക്കുകയും ചെയ്യുകയാണെന്ന ഖേദകരമായ വസ്തുത ഗുട്ടേരെസ് ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ അവകാശങ്ങൾ നൈയമികമായും പ്രയോഗികമായും പിന്നോട്ട് തള്ളപ്പെടുന്ന അവസ്ഥയും അദ്ദേഹം എടുത്തുകാട്ടുന്നു.

ഭാവി കെട്ടിപ്പടുക്കുന്നതിന് മനുഷ്യാവകാശങ്ങൾ അനിവാര്യമാണെന്ന് ഇക്കൊല്ലത്തെ മനുഷ്യാവകാശദിനാചരണം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും എല്ലാ മനുഷ്യാവകാശങ്ങളും അവിഭാജ്യങ്ങളാണെന്നും സാമ്പത്തികമായാലും സാമൂഹികമായാലും പൗരപരമായാലും സാംസ്കാരികമായാലും രാഷ്ട്രീയമായാലും ഒരു അവകാശം ഹനിക്കപ്പെടുമ്പോൾ എല്ലാ അവകാശങ്ങളും ഹനിക്കപ്പെടുന്നുവെന്നും ആകയാൽ എല്ലാ അവകാശങ്ങളും എല്ലായ്പ്പോഴും സംരക്ഷിക്കപ്പെടണമെന്നും യുഎൻ സെക്രട്ടറി ജനറൽ ഗുട്ടേരെസ് പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 December 2024, 11:40