അലെപ്പോ നഗരം അലെപ്പോ നഗരം   (AFP or licensors)

സിറിയയിൽ വൻ ആക്രമണം

സിറിയയിലെ അലെപ്പോ നഗരം വിമതർ പിടിച്ചെടുത്തതിനെത്തുടർന്ന് വീണ്ടും രാജ്യത്ത് അരക്ഷിതാവസ്ഥ നിലവിൽവന്നു. 2012-ല്‍ അലെപ്പോയുടെ പകുതി വിമതര്‍ പിടിച്ചെടുത്തുവെങ്കിലും നാല് വര്‍ഷത്തിന് ശേഷം റഷ്യയുടെ പിന്തുണയോടെ സിറിയന്‍ സര്‍ക്കാര്‍ നഗരം തിരിച്ചുപിടിച്ചിരുന്നു. എന്നാൽ അവിടേക്കാണ് വിമതര്‍ കടന്നുകയറിയിരിക്കുന്നത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സിറിയയിലെ അലെപ്പോ നഗരം ജിഹാദി വിമതർ കൈയേറിയതിനെത്തുടർന്ന് റഷ്യയുടെ സഹായത്തോടെ നടത്തിയ മിന്നലാക്രമണത്തിൽ ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. അലെപ്പോയിലെ ഫ്രാൻസിസ്കൻ കോളേജിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ ആളപായങ്ങൾ ഉണ്ടായില്ലെങ്കിലും, കെട്ടിടത്തിന് ഗുരുതര നാശം സംഭവിച്ചു. ആഗമനകാലത്തിന്റെ തുടക്കദിനമായ ഡിസംബർ ഒന്നാം തീയതി വിവിധ കർമ്മങ്ങൾക്ക് വേണ്ടി നിരവധിയാളുകൾ കോളേജിൽ എത്തിയിരുന്നു.

വിമതർ നഗരം പിടിച്ചടക്കിയതിനെത്തുടർന്ന് ആയിരക്കണക്കിനാളുകളാണ്  രാജ്യത്തുനിന്നും പലായനം ചെയ്യുന്നത്. റഷ്യയ്‌ക്കൊപ്പം, ഇറാനും തീവ്രവാദികൾക്കെതിരെയുള്ള യുദ്ധത്തിൽ സിറിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദീർഘകാലത്തെ യുദ്ധവും അക്രമവും കൊണ്ട് പീഡിപ്പിക്കപ്പെട്ട സിറിയയിൽ സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള പരിശ്രമങ്ങൾക്കിടയിലാണ് വിമതർ നഗരം പിടിച്ചെടുത്തുകൊണ്ട് അക്രമം അഴിച്ചുവിട്ടത്.

റഷ്യൻ വ്യോമസേനയുടെ പിന്തുണയോടെ, സിറിയൻ സർക്കാർ നടത്തിയ പ്രത്യാക്രമണത്തിൽ,  തീവ്രവാദികളുടെ കൂടിക്കാഴ്ചയുടെ ഇടങ്ങൾ, നിയന്ത്രണമേഖലകൾ, ആയുധശേഖരണസ്ഥലങ്ങൾ എന്നിവിടങ്ങൾ ഏറെ നശിപ്പിക്കപ്പെട്ടതായി മോസ്കോയിലെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അക്രമത്തിൻ്റെ ആരംഭം മുതൽ,300-ലധികം ആളുകൾ മരിക്കുകയും കുറഞ്ഞത് പതിനയ്യായിരത്തോളം ആളുകൾ  പലായനം ചെയ്യുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയിൽ നിന്നുള്ള റിപ്പോർട്ടുകളും പറയുന്നു. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും, ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനും ഡമാസ്കസിലേക്കുള്ള വത്തിക്കാൻ പ്രതിനിധി കർദ്ദിനാൾ മാറിയോ സെനാരി അഭ്യർത്ഥനകൾ നടത്തി. സംഘർഷങ്ങൾ  തടയുന്നതിനു ആവശ്യമായ നടപടികൾ കൈക്കൊള്ളുവാൻ അന്താരാഷ്ട്രസമൂഹങ്ങളെയും അദ്ദേഹം ക്ഷണിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 December 2024, 13:33