സിറിയയിൽ നിന്നുള്ള ദൃശ്യം സിറിയയിൽ നിന്നുള്ള ദൃശ്യം   (ANSA)

സിറിയയുടെ പുതിയ ഉദയം എല്ലാവരെയും ഉൾക്കൊള്ളുന്നതാകട്ടെ: മോൺസിഞ്ഞോർ ജോസഫ് തോബ്‌ജി

സിറിയയിലെ ക്രിസ്ത്യാനികൾ ന്യൂനപക്ഷമെങ്കിലും, രാജ്യത്തിന് വേണ്ടി സംഭാവനകൾ നൽകുവാൻ അവർക്കും സാധിക്കും. രാജ്യത്തിന് പുതിയ പ്രതീക്ഷകൾ ജനിക്കുന്നുവെന്നു ആലപ്പോയിലെ മാറോനീത്ത മെത്രാപ്പോലീത്ത മോൺസിഞ്ഞോർ ജോസഫ് തോബ്‌ജി പങ്കുവച്ചു

ചെചിലിയാ സെപ്പിയ, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

അൻപതിനാല് വർഷത്തെ കിരാതമായ ആസാദ് ഭരണത്തിനുശേഷം, ബാഷർ അൽ ആസാദിനേയും ഭരണനേതൃത്വത്തെയും താഴെയിറക്കിയതിന്റെ സന്തോഷം ഇപ്പോഴും സിറിയയിലെ ജനങ്ങൾ ആഘോഷിക്കുകയാണ്. ഭരണത്തിനു അന്ത്യം കുറിച്ചുവെങ്കിലും, ശാന്തമായ അന്തരീക്ഷം അതിന്റെ പൂർണ്ണതയിൽ വീണ്ടെടുക്കുവാൻ ഇനിയും ഏറെ ഘാതം യാത്ര ചെയ്യേണ്ടത് ആവശ്യമാണെന്ന് ആലപ്പോയിലെ മാറോനീത്ത മെത്രാപ്പോലീത്ത  മോൺസിഞ്ഞോർ ജോസഫ് തോബ്‌ജി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ സൈന്യം നടത്തുന്ന ആക്രമണങ്ങളിൽ നിരവധി പേർക്കാണ് ജീവൻ നഷ്ട്ടപ്പെട്ടത്.

രാജ്യത്തിൻ്റെ എല്ലാ ഘടകങ്ങളും സ്ഥിരത കൈവരിക്കുന്നതിന് വിവിധ മേഖലകളിൽ കാര്യങ്ങൾ ഏകോപിപ്പിക്കേണ്ടത് ആവശ്യമാണെന്നു പറഞ്ഞ ആർച്ചുബിഷപ്പ്, എന്നാൽ സുരക്ഷയുടെ കാര്യത്തിൽ, രാജ്യത്ത് ഏറെ ശാന്തത ഉണ്ടായിട്ടുണ്ടെന്നും പങ്കുവച്ചു. ഒറ്റപ്പെട്ട ചില ആക്രമണങ്ങൾ ഒഴിച്ചാൽ പൊതുവെ ശാന്തമായ അന്തരീക്ഷമാണ് ആലപ്പോയിൽ നിലനില്ക്കുന്നതെന്നും അദ്ദേഹം, വത്തിക്കാൻ മാധ്യമങ്ങൾക്കനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

സുന്നി വിഭാഗമായ തഹ്‌രീർ അൽ ശാം വിഭാഗമാണ് ആസാദ് ഭരണത്തിന്റെ പതനത്തിനു പിന്നിൽ പ്രവർത്തിച്ച ശക്തികേന്ദ്രം. എന്നാൽ ഈ വിഭാഗത്തിന്റെ നേതാക്കൾ, മാന്യമായ രീതിയിലാണ് ക്രിസ്ത്യാനികളോട് പെരുമാറുന്നതെന്നും, ന്യൂനപക്ഷങ്ങളെ അവർ സംരക്ഷിക്കുമെന്നു അറിയിച്ചതായും മെത്രാപ്പോലീത്ത പറഞ്ഞു. എന്നാൽ മുൻപോട്ടു പോകുമ്പോൾ, ഉടനടി ഒരു ശുഭാപ്തിവിശ്വാസമോ അശുഭാപ്തിവിശ്വാസമോ സ്വീകരിക്കുവാൻ സാധിക്കുകയില്ലെന്നും, മറിച്ച് കാര്യങ്ങളെ പറ്റി കൂടുതൽ കണ്ടും മനസിലാക്കിയും വരികയാണെന്നും ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു. സിറിയയിലെ സാധാരണക്കാരായ ജനതയ്ക്കുവേണ്ടി നിലകൊള്ളുന്ന പാപ്പായുടെ സഹായങ്ങൾക്കും, യൂറോപ്പിലെ മെത്രാൻ സമിതിയുടെ അകമഴിഞ്ഞ സഹായത്തിനും അദ്ദേഹം കൃതജ്ഞതയും രേഖപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 December 2024, 10:17