സങ്കീർത്തനചിന്തകൾ - 97 സങ്കീർത്തനചിന്തകൾ - 97 

പ്രപഞ്ചനാഥനായ ഇസ്രയേലിന്റെ ദൈവത്തിൽ ആനന്ദിക്കുക

വചനവീഥി: തൊണ്ണൂറ്റിയേഴാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ശബ്ദരേഖ - തൊണ്ണൂറ്റിയേഴാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവത്തിന്റെ ലോകവ്യാപകമായ രാജത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന തൊണ്ണൂറ്റിമൂന്ന് മുതലുള്ള എട്ടു സങ്കീർത്തനങ്ങളിൽ അഞ്ചാമത്തെ സങ്കീർത്തനമാണ് തൊണ്ണൂറ്റിയേഴാം സങ്കീർത്തനം. അവസാനകാലത്ത് വരാനിരിക്കുന്ന ദൈവാധിപത്യത്തെയാണ് ഈ സങ്കീർത്തനവും പരാമർശിക്കുന്നത്. ഈയൊരു ചിന്ത പങ്കുവയ്ക്കുന്ന മുൻ സങ്കീർത്തനങ്ങൾ പോലെ, ഈ കീർത്തനത്തിലെ ആശയങ്ങളും വാക്യങ്ങളും മറ്റു സങ്കീർത്തനങ്ങളിലും പഴയനിയമഭാഗങ്ങളിലും നമുക്ക് കാണാം. പരമ്പരാഗതമായി ദൈവത്തെ അവതരിപ്പിക്കുന്നതുപോലെ, പ്രകൃതിശക്തികളുടെ, കൊടുങ്കാറ്റിന്റെയും മിന്നൽപ്പിണറുകളുടെയും ഒക്കെ പശ്ചാത്തലത്തിലാണ് തൊണ്ണൂറ്റിയേഴാം സങ്കീർത്തനവും ഇസ്രയേലിന്റെ ദൈവത്തെ അവതരിപ്പിക്കുന്നത്. വിഗ്രഹാരാധകരും, അവരുടെ ദൈവങ്ങളും ലജ്ജിതരായിത്തീരുമെന്നും, ഇസ്രയേലിന്റെ ദൈവത്തോട് വിശ്വസ്‌തത പുലർത്തുന്നവർക്ക് പ്രതിഫലം ലഭിക്കുമെന്നും മുൻസങ്കീർത്തനങ്ങളിലെന്ന പോലെ ഇവിടെയും സങ്കീർത്തകൻ എഴുതിവയ്ക്കുന്നു. അങ്ങനെ മറ്റു ദൈവസങ്കൽപ്പങ്ങളേക്കാൾ ഉന്നതനായ ഇസ്രയേലിന്റെ ദൈവത്തിന്റെ ശക്തിയെയും അധികാരത്തെയും വാഴ്ത്തി, അവനിൽ ആനന്ദിക്കാനും, അവന് കൃതജ്ഞതയർപ്പിക്കാനും ആഹ്വാനം ചെയ്യുന്ന ഒരു ഉദ്ബോധനാഗീതം കൂടിയാണ് തൊണ്ണൂറ്റിയേഴാം സങ്കീർത്തനം.

പ്രകൃതിയും ഇസ്രയേലിന്റെ ദൈവവും

തൊണ്ണൂറ്റിയേഴാം സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ ആറു വരെയുള്ള വാക്യങ്ങളിൽ ദൈവസങ്കൽപ്പത്തെക്കുറിച്ചുള്ള പൊതുവായ വർണ്ണനയുടെ ശൈലിയിൽ, ഇസ്രയേലിന്റെ ദൈവമായ കർത്താവിനെ അവതരിപ്പിക്കുന്ന സങ്കീർത്തകനെയാണ് നാം കാണുക. മുൻപെന്നോ കടന്നുപോയ ഒരു ദൈവസങ്കൽപ്പമല്ല, വർത്തമാനകാലത്തിലും വാഴുന്ന, തന്റെ ജനത്തോടൊപ്പമുള്ള ദൈവമാണ് ഇസ്രയേലിന്റെ നാഥനെന്ന ചിന്ത ഭൂമിക്കും, ദ്വീപസമൂഹങ്ങൾക്കും ആനന്ദകാരണമാകുന്നുവെന്ന് ആദ്യവാക്യം തന്നെ നമ്മെ ഓർമ്മിപ്പിക്കുന്നു (സങ്കീ. 97, 1). നീതിയിലും ന്യായത്തിലും അടിസ്ഥാനമിട്ടതാണ് അവന്റെ സിംഹാസനം (സങ്കീ. 97, 2).

മറ്റു മതങ്ങളിലെ മാനുഷികമായ ഒരു ദൈവസങ്കൽപ്പത്തോട് ചേർന്നുപോകുന്ന പല ചിന്തകളും ചേർന്നതാണ് ഇസ്രായേൽ ജനത്തിന്റെയും ദൈവസങ്കൽപ്പമെന്ന് സങ്കീർത്തനത്തിന്റെ ആദ്യ വാക്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. മേഘങ്ങളും കൂരിരുട്ടും അവിടുത്തെ ചുറ്റും ഉണ്ട് (സങ്കീ. 97, 1), അഗ്നി അവിടുത്തെ മുൻപേ നീങ്ങുന്നു; അത് അവിടുത്തെ വൈരികളെ ദഹിപ്പിക്കുന്നു (സങ്കീ. 97, 3), ദൈവത്തിന്റെ മിന്നൽപ്പിണറുകൾ ലോകത്തെ പ്രകാശിപ്പിക്കുന്നു, ഭൂമി അതുകണ്ടു വിറകൊള്ളുന്നു (സങ്കീ. 97, 4), ഭൂമി മുഴുവന്റെയും അധിപനായ കർത്താവിന്റെ മുന്നിൽ പർവതങ്ങൾ മെഴുകുപോലെ ഉരുകുന്നു (സങ്കീ. 97, 5), ആകാശം അവിടുത്തെ നീതിയെ പ്രഘോഷിക്കുന്നു, എല്ലാ ജനതകളും അവിടുത്തെ മഹത്വം ദർശിക്കുന്നു (സങ്കീ. 97, 6) എന്നീ ചിന്തകളാണ് സങ്കീർത്തനത്തിന്റെ ആറുവരെയുള്ള വാക്യങ്ങളിൽ നാം കാണുക.

ഈ വാക്യങ്ങൾ പക്ഷെ ഇസ്രയേലിന്റെ ചരിത്രത്തിലെ ചില സംഭവങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് പഴയനിയമപുസ്തകങ്ങൾ വ്യക്തമാക്കുന്നുണ്ട്. പുറപ്പാട് പുസ്തകത്തിന്റെ പത്തൊൻപതാമധ്യായത്തിൽ, ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട ഇസ്രായേൽജനം സീനായ് മരുഭൂമിയിലൂടെ കടന്നുപോകുന്ന അവസരത്തിൽ ഇടിമുഴക്കത്തിന്റെയും മിന്നൽപ്പിണരുകളുടെയും അകമ്പടിയോടെ ദൈവം പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് നാം വായിക്കുന്നുണ്ട് (പുറപ്പാട് 19, 16). മരുഭൂമിയിലൂടെയുള്ള യാത്രയിൽ, പകൽ മേഘമായും രാത്രിയിൽ അഗ്നിസ്തംഭമായും ഇസ്രായേലിന്റെ  കൂടെയുണ്ടായിരുന്ന ദൈവത്തെക്കുറിച്ചുള്ള ചിന്തകളും ഇതോടൊപ്പം ചേർത്തുവയ്ക്കാവുന്നവയാണ്.

മറ്റു ദൈവങ്ങളെക്കാൾ ഉന്നതനായ കർത്താവ്

സങ്കീർത്തനത്തിന്റെ ഏഴ് മുതൽ ഒൻപത് വരെയുള്ള വാക്യങ്ങളിൽ എന്തുകൊണ്ട് സകലരും ഇസ്രയേലിന്റെ ദൈവത്തെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യണമെന്നതിനുള്ള കാരണങ്ങളാണ് സങ്കീർത്തകൻ മുന്നോട്ടു വയ്ക്കുക. "വ്യർത്ഥബിംബങ്ങളിൽ അഭിമാനം കൊള്ളുന്ന വിഗ്രഹാരാധകർ ലജ്ജിതരായിത്തീരുന്നു; എല്ലാ ദേവന്മാരും അവിടുത്തെ മുൻപിൽ കുമ്പിടുന്നു" (സങ്കീ. 97, 7). ദൈവികത ആരോപിക്കപ്പെടുന്ന അസ്തിത്വങ്ങൾ പോലും യാഹ്‌വെയെന്ന ദൈവത്തിന് മുന്നിൽ കുമ്പിടുന്നുവെങ്കിൽ, ആ ദൈവത്തെയാണ് ജനം ആരാധിക്കേണ്ടതെന്ന് സങ്കീർത്തനം ഉദ്ബോധിപ്പിക്കുന്നു. കർത്താവ് സകല ദേവന്മാരെയുംകാൾ ഭയപ്പെടേണ്ടവനാണെന്നും, ജനതകളുടെ ദേവന്മാർ വിഗ്രഹങ്ങൾ മാത്രമാണെന്നും തൊണ്ണൂറ്റിയാറാം സങ്കീർത്തനത്തിലും സങ്കീർത്തകൻ എഴുതുന്നുണ്ട് (സങ്കീ. 96,4-5).

ഇസ്രയേലിന്റെ ദൈവത്തെ മറ്റുള്ളവർ അംഗീകരിക്കുന്നതിലും, അവന്റെ ന്യായവിധികളിലും സീയോനും, യൂദായുടെ പുത്രിമാരും സന്തോഷിക്കുന്നു. തങ്ങളുടെ രാജാക്കന്മാരുടെ യുദ്ധവിജയങ്ങളിൽ പ്രജകൾ ആനന്ദിക്കുന്നതുപോലെയാണ്, തങ്ങളുടെ ദൈവം ഭൂമി മുഴുവന്റെയും അധിപനാണ് എന്ന ബോധ്യത്തോടെ, അവന്റെ ഔന്ന്യത്യത്തിന് മുന്നിൽ ഇസ്രായേൽ ജനം ആനന്ദിക്കുകയും സ്തുതി പാടുകയും ചെയ്യുന്നത് (സങ്കീ. 97, 9).

തന്റെ ജനത്തിന്റെ പരിപാലകനും മോചകനുമായ ദൈവം

സങ്കീർത്തനത്തിന്റെ പത്ത് മുതൽ പന്ത്രണ്ട് വരെയുള്ള അവസാനവാക്യങ്ങളിൽ, ദൈവത്തിന്റെ പരിപാലനവും സംരക്ഷണവും വർണ്ണിക്കുന്ന സങ്കീർത്തകൻ, കർത്താവിൽ ആനന്ദിക്കാനും, അവന് കൃതജ്ഞതയർപ്പിക്കാനും ജനത്തെ ക്ഷണിക്കുന്നതാണ് നാം കാണുക. തിന്മയെ ദ്വേഷിക്കുന്നവരെ സ്നേഹക്കുകയും, തന്റെ ഭക്തരുടെ ജീവനെ പരിപാലിക്കുകയും, ദുഷ്ടരുടെ കൈയിൽനിന്ന് അവരെ മോചിപ്പിക്കുകയും ചെയ്യുന്ന ദൈവമാണ് ഇസ്രയേലിന്റെ നാഥൻ (സങ്കീ. 97, 10). നല്ലവനും നീതിമാനുമായ ദൈവത്തിന്റെ നീതിബോധവും നന്മയും സ്വന്തമാക്കുകയും, തിന്മയെ വെറുക്കുകയും ചെയ്യുന്നവരെ അനുഗ്രഹിക്കുന്നവനാണ് അവിടുന്ന്. തന്നോട് ചേർന്ന് നിൽക്കുന്ന തന്റെ ഭക്തരുടെ ജീവിതം ദൈവത്തിന് പ്രിയപ്പെട്ടതാണെന്നും, തിന്മകളിൽനിന്നും ശത്രുക്കളുടെ കരങ്ങളിൽനിന്നും അവൻ അവരെ സംരക്ഷിച്ചുപിടിക്കുമെന്നും സങ്കീർത്തകൻ ഉദ്ബോധിപ്പിക്കുന്നു. "നീതിമാന്മാരുടെമേൽ അവന്റെ പ്രകാശമുദിച്ചിരിക്കുന്നു; പരാമർത്ഥഹൃദയർക്കു സന്തോഷമുദിച്ചിരിക്കുന്നു" (സങ്കീ. 97, 11). ദൈവമാണ് തന്റെ ജനത്തിന്റെ സംരക്ഷകനും ആശ്വാസദായകനും. ഈയൊരു ബോധ്യത്തോടെയാണ്, ദൈവത്തോട് ചേർന്ന് നിൽക്കുന്ന ജനത്തെ, നീതിമാന്‍മാരെ, കർത്താവിൽ ആനന്ദിക്കുവാനും, അവന്റെ വിശുദ്ധ നാമത്തിന് കൃതജ്ഞതയർപ്പിക്കുവാനും ക്ഷണിച്ചുകൊണ്ട് സങ്കീർത്തകൻ ഈ ഉദ്ബോധനഗീതം അവസാനിപ്പിക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

ഇസ്രയേലിന്റെ ദൈവമായ കർത്താവിന്റെ മഹത്വം വർണ്ണിക്കുകയും, അവന്റെ രാജത്വത്തിന്റെ ദിനങ്ങളെക്കുറിച്ചുള്ള ചിന്തകൾ പങ്കുവച്ചുകൊണ്ട്, അവനെ ആരാധിക്കുവാനും സ്തുതിക്കുവാനും ദൈവജനത്തെയും നമ്മെ ഓരോരുത്തരെയും ക്ഷണിക്കുകയും ചെയ്യുന്ന തൊണ്ണൂറ്റിയേഴാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, യാഹ്‌വെ എന്ന ദൈവത്തെക്കുറിച്ചുള്ള ചിന്തകൾ ഭക്തിയുടെയും ആനന്ദത്തിന്റെയും മനോഭാവം നമ്മിലും വളർത്തുന്നുണ്ടോ എന്ന ഒരു വിചിന്തനത്തിന്റെ സമയമായിരിക്കട്ടെ ഇത്. ഇസ്രായേൽ ജനത്തെ സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നതുപോലെ, ഭൂതകാലസ്മരണകളും ദൈവാനുഗ്രഹങ്ങൾക്ക് നന്ദിയും ഉള്ള മനുഷ്യരായി നമുക്ക് ജീവിക്കാം. മാനുഷികമായി അസാധ്യമായിരുന്നവ സാധ്യമാക്കിത്തന്ന ദൈവമാണ് നമ്മുടേത്. ലോകവും, അതിന്റെ ചിന്തകളും നമ്മെ അവനിൽനിന്ന് അകറ്റുമെന്ന ബോധ്യം നമ്മിലുണ്ടാകട്ടെ. താൻപോരിമയും, അഹംഭാവവും, ലൗകികചിന്തകളും ഉപേക്ഷിച്ച്, പ്രകൃതിയും പ്രപഞ്ചവും ജനതകളും അവരുടെ ദൈവസങ്കൽപ്പങ്ങളും വണങ്ങുന്ന, സ്രഷ്ടാവും പരിപാലകനും സത്യദൈവവുമായ ഇസ്രയേലിന്റെ കർത്താവിനോട് ചേർന്ന് നിൽക്കാനും, രക്ഷയുടെയും ആനന്ദത്തിന്റെയും അനുഭവം സ്വന്തമാക്കാനും പരിശ്രമിക്കാം. ദൈവികമായ നീതിയും നന്മയും സ്വന്തമാക്കാം. സർവ്വശക്തനും, നീതിമാനും, അനാദിയും, പ്രപഞ്ചനാഥനുമായ ദൈവത്തിൽ, ഇസ്രായേൽജനത്തിനൊപ്പം നമുക്കും ആനന്ദിക്കാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 November 2024, 15:52